പുസ്തക ശേഖരണ ക്യാമ്പയിന് തുടക്കമായി
മട്ടന്നൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികളുടെ വായനമെച്ചപ്പെടുത്തുന്നതിനും സ്കൂൾ ലൈബ്രറി സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനുമായി ആരംഭിച്ച നല്ല വായന, നല്ല പoനം, നല്ല വ്യക്തി ക്യാമ്പയിന് കേരളപ്പിറവി ദിനത്തിൽ തുടക്കമായി. സാമൂഹിക, സാംസ്കാരിക ജീവിതത്തിന്റെ വൈവിധ്യം മനസ്സിലാക്കാനും ആസ്വാദനത്തിന്റെയും ഭാവനയുടെയും അമൂല്യാനുഭവങ്ങൾ സൃഷ്ടിക്കാനും വിദ്യാർത്ഥികളെ വായനയിലൂടെ സജ്ജരാക്കുകയാണ് ലക്ഷ്യം.
ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് എസ് എസ് എ വഴി പുസ്തകങ്ങൾ ലഭ്യമാക്കും.മറ്റു ക്ലാസുകളിലേക്ക് ആവശ്യമായ പുസ്തകങ്ങൾ പൊതു സമൂഹത്തിൽ നിന്നും വീടുകളിൽ നിന്നും ശേഖരിക്കണം. പുസ്തകങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യങ്ങളും പൊതു പങ്കാളിത്തത്തിലൂടെ കണ്ടെത്തണം. എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറിയുള്ള വിദ്യാലയം എന്ന മികവിലേക്ക് എത്തിച്ചേരുകയാണ് ലക്ഷ്യം.കുട്ടികളുടെ വായന പോഷിപ്പിക്കാനും ശീലമാക്കാനും വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്യാനും നിർദ്ദേശമുണ്ട്. കേരളപ്പിറവി ദിനം മുതൽ ശിശുദിനം വരെയുള്ള രണ്ടാഴ്ചയാണ് ക്യാമ്പയിന്. ക്യാമ്പയിനിലൂടെ പരമാവധി പുസ്തകങ്ങൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാലയങ്ങൾ.
എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ശേഖരിച്ച പുസ്തകങ്ങൾ കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജന് ഏറ്റുവാങ്ങി.പി ടി എ പ്രസിഡന്റ് പി.കെ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ.പത്മാവതി, പി.വി.സഹീർ, സി.പി തങ്കമണി, സി.പി.സലീത്ത്, കെ.മുഹമ്മദ് ഫായിസ് തുടങ്ങിയവർ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ