നൂറിലും ഗാന്ധി സന്ദേശ പ്രചാരകനായി അപ്പനായർ
മട്ടന്നൂർ: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഓർമ്മകളും ഗാന്ധിജി ഉയർത്തിയ ആശയ ആദർശങ്ങളുമായാണ് പുന്നാട് പാലാപറമ്പിലെ അപ്പനായരുടെ ജീവിത യാത്ര. നൂറു വയസ്സ് പിന്നിട്ടിട്ടും സ്വാതന്ത്ര്യ സമരത്തെ കുറിച്ചും ഗാന്ധിജിയെ കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോൾ കണ്ണുകളിൽ തീഷ്ണമായ പോരാട്ട വീര്യം കാണാനാവും.
കണ്ണൂർ പിലാത്തറ മണ്ടൂരിൽ മാവില കൃഷ്ണൻ നമ്പ്യാരുടെയും ചിരുതൈ കുട്ടിയുടെയും ഏകമകനായി പിറന്ന അപ്പനായർ 43 വർഷത്തോളമായി പുന്നാട് പാലാപറമ്പിലെ വീട്ടിലാണ് താമസം. സ്വാതന്ത്ര്യ സമര കാലത്തെ ഓർമ്മകളാണ് തന്റെ വീട്ടിലെത്തുന്നവരുടെ ആദ്യ കാഴ്ച.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജി എന്ന നേതാവിനൊപ്പം രാജ്യം മുന്നോട്ട് കുതിച്ചപ്പോൾ അപ്പനായരും മറ്റൊന്നും ആലോചിച്ചില്ല.ക്വിറ്റ് ഇന്ത്യ സമരം, ഉപ്പുസത്യാഗ്രഹം തുടങ്ങിയവയിൽ പങ്കെടുത്തു. അക്കാലത്ത് കോഴിക്കോട് സോപ്പു കമ്പനിയിൽ അപ്പനായർ പോകുന്നത് പതിവായിരുന്നു. അവിടുത്തെ തൊഴിലാളികളുമായി സമര കാര്യങ്ങൾ ചർച്ച ചെയ്യും.പൊതുയോഗങ്ങളിലും മാർച്ചുകളിലും പങ്കെടുത്ത അപ്പനായർ പോലീസ് മർദ്ദനങ്ങൾക്ക് ഇരയായി. സമരക്കാരെ അറസ്റ്റ് ചെയ്തുവെങ്കിലും പോലീസുകാർക്ക് പിടികൊടുക്കാതെ തമിഴ്നാട് രാമനാട്ടിലേക്ക് വണ്ടി കയറുകയായിരുന്നു.
1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ അപ്പനായർ ഊട്ടിക്കടുത്തുള്ള വൈക്കര ഡാമിൽ ജോലി ചെയ്യുകയായിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ അപ്പനായരുടെ റോൾ ചെറുപ്പത്തിൽ വേരുപിടിച്ച ഗാന്ധിയൻ ദർശനങ്ങളുടെ സന്ദേശ പ്രചാരകന്റേതായിരുന്നു. അതിൽ മദ്യനിരോധനമായിരുന്നു അപ്പനായർ പ്രാധാന്യം നൽകിയത്.ഇതിനായി കേരളത്തിലങ്ങോളമിങ്ങോളം നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി.
സ്വാതന്ത്ര്യ സമരത്തിന്റെ പഴയ ഓർമ്മകളെ കുറിച്ചറിയാൻ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂൾ വിദ്യാർത്ഥികൾ അപ്പനായരുടെ വസതിയിലെത്തി അഭിമുഖം നടത്തി. ഗാന്ധിയൻ ആശയ ആദർശങ്ങൾക്ക് വലിയ പ്രാധാന്യമുള്ള കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പി ടി എ പ്രസിഡന്റ് വി.കെ നൗഷാദ് അധ്യക്ഷത വഹിച്ചു.കെ.പത്മാവതി, പി.കെ.സി മുഹമ്മദ്, സി.പി.സലീത്ത്, കെ മുഹമ്മദ് ഫായിസ്, സി.കെ.ഷഫീറ തുടങ്ങിയവർ സംസാരിച്ചു.
പടം
സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിസന്ദേശ പ്രചാരകനുമായ അപ്പനായർ എsയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിലെ കുട്ടികളുമായി സംവദിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ